സ്വന്തം ലേഖകൻ
ന്യൂഡൽഹി: കർണാടകയിൽ നേതൃമാറ്റമില്ലെന്ന് ആവർത്തിച്ചു മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും. മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഒഴിവില്ലെന്നു കോണ്ഗ്രസ് ഹൈക്കമാൻഡുമായി ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം സിദ്ധരാമയ്യ ആവർത്തിച്ചപ്പോൾ മുഖ്യമന്ത്രിമാറ്റത്തെക്കുറിച്ചുള്ള പ്രതികരണം താൻ നൽകിയതാണെന്നും വീണ്ടും വീണ്ടും ഒരേ കാര്യംതന്നെ സംസാരിക്കുന്നത് നല്ലതല്ലെന്നുമായിരുന്നു ശിവകുമാറിന്റെ പ്രതികരണം. ഇതോടെ രണ്ടര വർഷ കാലാവധിക്കുശേഷവും സിദ്ധരാമയ്യതന്നെ കർണാടക മുഖ്യമന്ത്രിയായി തുടരുമെന്ന കാര്യം ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.
ഒരുവിഭാഗം മന്ത്രിമാരും എംഎൽഎമാരും മുഖ്യമന്ത്രിപദത്തിൽ മാറ്റം വേണമെന്ന ആവശ്യം ശക്തമാക്കുമ്പോഴായിരുന്നു സിദ്ധരാമയ്യ ഡൽഹിയിലെത്തി പാർട്ടിയധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുമായി ചർച്ച നടത്തിയത്. നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കുമെന്ന് നേരത്തേതന്നെ വ്യക്തമാക്കിയ ശിവകുമാർ മുഖ്യമന്ത്രിസ്ഥാനത്തു സിദ്ധരാമയ്യതന്നെ തുടരുമെന്ന് മുമ്പ് വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് മുഖ്യമന്ത്രിയായി താൻതന്നെ തുടരുമെന്നും ഹൈക്കമാൻഡുമായുള്ള യോഗത്തിൽ മുഖ്യമന്ത്രിയുടെ മാറ്റം ചർച്ചയായില്ലെന്നും സിദ്ധരാമയ്യ പ്രതികരിച്ചത്. അതിനിടെ ഉപമുഖ്യമന്ത്രി ശിവകുമാറിന് നൽകിയിരുന്ന ഉറപ്പ് പാലിക്കുമോ അതോ അദ്ദേഹത്തിനു പുറത്തേക്കുള്ള വാതിൽ കാണിക്കുമോയെന്നതിൽ കോണ്ഗ്രസ് ഹൈക്കമാൻഡ് വ്യക്തത നൽകണമെന്ന് ബിജെപി ആവശ്യപ്പെട്ടു.